തിരുവനന്തപുരം: പേരൂർക്കട മണ്ണടി ലൈനിലെ വീട്ടുവളപ്പിൽ സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ചത്  മകനെന്ന് പൊലീസ്.  എൻജിനീയറിങ് വിദ്യാർത്ഥിയായ  മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 26നാണ് പേരൂർക്കട സ്വദേശി ദീപ അശോകിന്രെ മൃതദേഹം വീട്ടുവളപ്പിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തലേ ദിവസം വൈകിട്ടോടെ വീട്ടുവളപ്പിൽനിന്നും തീ ഉയരുന്നതായി കണ്ടുവെന്നാണ് അയൽവാസികൾ പറയുന്നത്. എന്നാൽ നിലവിളി ശബ്ദമൊന്നും കേട്ടില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിലാണ് മകൻ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.

അമ്മയുമായുളള അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അക്ഷയ് പറഞ്ഞതായി പൊലീസ് പറയുന്നു. അമ്മയുടെ മേലുളള മകന്രെ സദാചാര സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മിൽ ഏറെ നാളായി സംസാരം പോലും ഇല്ലായിരുന്നു. ബെഡ് ഷീറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

കൊല്ലപ്പെട്ട ദീപയുടെ ഭർത്താവ് ഗൾഫിലാണ്. മകനും ദീപയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹം കണ്ട വിവരം ഉച്ചയോടെ മകനാണ് പൊലീസിൽ അറിയിച്ചത്. ഇന്നലെ അമ്മയെ കാണാതായിട്ട് എന്തുകൊണ്ട് പൊലീസിനെയോ ബന്ധുക്കളെയോ അറിയിച്ചില്ല എന്നതാണ് മകനെ പൊലീസ് സംശയിക്കാൻ കാരണം.

ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തെ നന്തൻകോടിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും ബന്ധുവിനെയും മകൻ കൊലപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ ഒമ്പതിനാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ മകൻ കാഡൽ ജീൻസൺ രാജയെ പൊലീസ് പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ