കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാകും ദീപക്.

നേരത്തെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ദീപക്കിന് പുറമെ പറവൂര്‍ സിഐ ക്രിസ്പിന്‍ സാംസ, എഎസ്‌ഐ സുധീര്‍, സിപഒ സന്തോഷ് എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു. ഐജി ശ്രീജത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വരാപ്പുഴ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ മൂന്ന് പൊലീസുകാരെ റിമാന്റ് ചെയ്തിരുന്നു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് വൈകിട്ടാണ് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ തങ്ങളല്ല, വരാപ്പുഴ പൊലീസാണ് പ്രതികളെന്നും ഉന്നതരെ രക്ഷിക്കാന്‍ തങ്ങളെ കരുവാക്കുകയാണെന്നും മൂന്ന് പൊലീസുകാരും നേരത്തേ പറഞ്ഞിരുന്നു.

എറണാകുളം റൂറല്‍ പൊലീസ് സൂപ്രണ്ടിന്റെ കീഴിലെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങളാണ് പിടിയിലായ മൂവരും. അതേസമയം കേസില്‍ താഴേ തട്ടിലുളള ഉദ്യോഗസ്ഥരെ പിടികൂടി ഉന്നതരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ