തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗം ഛേദിച്ച് നിയമം കൈയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ഇത്തരം നീതി നടപ്പാക്കലില്‍ സന്തോഷം തോന്നുമെങ്കിലും നിയമം കൈയിലെടുക്കാൻ പാടില്ലെന്നും പകരം പൊലീസിനെ സമീപിക്കാമായിരുന്നെന്നും സിഎൻഎൻ-ന്യൂസ് 18നു നൽകിയ അഭിമുഖത്തിൽ ശശി തരൂര്‍ പറഞ്ഞു.

എല്ലാവരേയും പോലെ തനിക്കും പെൺകുട്ടിയോട് സഹതാപമുണ്ട്. പേക്ഷ, നീതി നടപ്പാകുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരുന്നത് നല്ല പ്രവണതയല്ലെന്നും ശശി തരൂർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേട്ടയില്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച സന്ന്യാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി അരിഞ്ഞെടുത്തത്. സംഭവത്തിനു ശേഷം പൊലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി എട്ടു വര്‍ഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസിന് മൊഴി നല്‍കിയിരുന്നു.

ലിംഗം അറ്റുപോയ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽകോളേജില്‍ ചികിത്സയിലാണ്. ബലാത്സംഗ ശ്രമത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ഉടനെ ഇയാളെ കോടതിയിലെത്തിച്ച് റിമാന്റ് ചെയ്യിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ