ബെംഗളൂരു: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു പിന്നാലെ രാജ്ഭവന് മുമ്പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്. ഷാഫിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയിട്ടുണ്ട്. വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നേതാക്കൾ പ്രതിഷേധ ധർണ നടത്തുകയാണ്.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഈഗൾട്ടൻ റിസോർട്ടിലുള്ള കോൺഗ്രസിന്‍റെ 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു.

ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാർക്ക് പിന്നാലെ ജെഡിഎസ് എംഎൽഎമാരും വിധാൻ സൗധയിലേക്ക് എത്തിയിട്ടുണ്ട്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുക്തിരഹിതമായ മര്‍ക്കടമുഷ്ടി ഭരണഘടനയെ കൊഞ്ഞനംകുത്തുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊളളയായ വിജയം ബിജെപി ആഘോഷമാക്കുന്ന ഈ പ്രഭാതത്തില്‍ ജനാധിപത്യം തോല്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ ഉൾപ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസ്, ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനെത്തുടർന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ