തിരുവനന്തപുരം: എസ്എഫ്ഐ നിർബന്ധിച്ചിട്ടും ക്ളാസ്സിൽ കയറാൻ ഒരു വിദ്യാർത്ഥിയേയും കിട്ടില്ലെന്ന് ബോധ്യമായതോടുകൂടിയാണ് ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ മാനേജുമെന്റ് തീരുമാനിച്ചതെന്ന് കെ സുരേന്ദ്രന്‍. ഈ സമരം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് ഇനി തുറക്കില്ലെന്നാണ് ഇന്ന് മാനേജ്മെന്റ് അറിയിച്ചത്. നാളെ തുറക്കാനുള്ള തീരുമാനം മാനേജ്മന്റ് മാറ്റി വെച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനു വേണ്ടി പൊലീസ് സഹായം തേടുമെന്നും വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ സമരത്തിൽനിന്നും പിന്മാറിയ സാഹചര്യത്തിലാണ് ക്ലാസുകൾ ആരംഭിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

എന്നാൽ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകളും നിരാഹാര സമരം തുടരുന്ന കെ.മുരളീധരൻ എംഎൽഎയും രംഗത്തെത്തിയിരുന്നു. ക്ലാസുകൾ തുടങ്ങാനുള്ള മാനേജ്മെന്റ് തീരുമാനം എന്തു വില കൊടുത്തും തടയുമെന്നു മുരളീധരൻ പറഞ്ഞു. തിങ്കളാഴ്ച പ്രത്യേക സിൻഡിക്കറ്റ് യോഗസ്ഥലത്തേക്ക് മാർച്ച് നടത്തുമെന്നു കെഎസ്‌യു അറിയിച്ചിട്ടുണ്ട്. ലോ അക്കാദമിയിലേക്ക് മാർച്ച് നടത്തുമെന്നു എബിവിപിയും വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ