ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി കമൽനാഥും ബിജെപിയിലേക്കെന്ന് സൂചന. അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ നിന്നുള്ള നേതാവായ ഇദ്ദേഹത്തിന് കോൺഗ്രസിൽ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതികൾക്കിടയിലാണ് ബിജെപി സംസ്ഥാന നേതൃത്വം തങ്ങളുടെ കൂടെ കൂട്ടാനുള്ള ചരടുവലികൾ നടത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവവരാജ് സിംഗ് ചൗഹാന്റെ കരുനീക്കങ്ങളാണ് കമൽനാഥിനനെ പാർട്ടിയിലേക്ക് അടുപ്പിച്ചത്. കമൽനാഥിന് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകണമെന്ന ആവശ്യം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. മധ്യപ്രദേശിൽ ആകെ 29 എംപിമാരുള്ളതിൽ രണ്ടു പേർ മാത്രമാണ് കോൺഗ്രസിൽ നിന്നുള്ളത്. കമൽനാഥിന് പുറമേ ജ്യോതിരാദിത്യ സിന്ധ്യയാണ് എംപി സ്ഥാനത്തുള്ളത്.

കോൺഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമൽനാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാർജുൻ ഗാർഖെയ്ക്ക് നൽകിയതിൽ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാർത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാർജുൻ ഗാർഖെയ്ക്ക് നൽകിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുമെന്ന് കമൽനാഥ് കരുതിയിരുന്നുവത്രേ.

സംസ്ഥാനത്ത് വിപുലമായ കൺവൻഷൻ നടത്തി കമൽനാഥിന്റെ പ്രവേശനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച് സമ്മേളനം വിപുലമാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ