കൊല്ലം: പിങ്ക് പൊലീസ് വാഹനത്തിന് സ്കൂട്ടർ തട്ടിയെന്നാരോപിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദ്ദിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന കൊല്ലം ജില്ല സിപിഎം സമ്മേളന വേദിക്കടുത്താണ് സംഭവം. ഡിവൈഎഫ്ഐ കൊല്ലം കിളികൊല്ലൂർ മേഖലാ കമ്മിറ്റി അംഗം നന്ദുവിനാണ് മർദ്ദനമേറ്റത്.

സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിടരുതെന്ന കൊല്ലം ജില്ല സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനത്തിന് പിന്നാലെയാണ് അക്രമം നടന്നത്. പൊലീസിന് മുകളിൽ സർക്കാരിന് നിയന്ത്രണമില്ലെന്ന് പാർട്ടി പ്രതിനിധികൾ മുഖ്യമന്ത്രി വേദിയിലിരിക്കെ തന്നെ ആരോപിച്ചിരുന്നു. ഈ ചൂടാറും മുൻപാണ് ഡിവൈഎഫ്ഐ നേതാവിന് മർദ്ദനമേറ്റത്.

കൊല്ലം സിപിഎം ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതിയംഗമാണ് കിളികൊല്ലൂർ സ്വദേശി നന്ദു. പൊതുമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെയാണ് പൊലീസ് നന്ദുവിനെ മർദ്ദിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയൻ പങ്കെടുത്ത പാർട്ടി സമ്മേളന വേദിക്ക് വളരെയടുത്താണ് ഈ സംഭവം.

പിന്നീട് നന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇവിടെ വച്ച് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതായും മർദ്ദിച്ചതായും പരാതിയുണ്ട്. സമ്മേളന നഗരിയിൽ നിന്ന് ഡിവൈഎഫ്ഐ നേതാക്കൾ സ്റ്റേഷനിലെത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. പിന്നീട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ