തൃശൂർ: പൂര നഗരിയിൽ കൗമാര കേരളത്തിന്രെ കലയുടെ മേളപ്പെരുക്കത്തിന്രെ അഞ്ച് നാളുകൾക്ക് തിരി തെളിഞ്ഞു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മുഖമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകനെങ്കിലും അദ്ദേഹം എത്താത്ത സാഹചര്യത്തിലാണ് സ്പീക്കർ ഉദ്ഘാടകനായത്.

സാധരണ ഗതിയിൽ മുഖ്യമന്ത്രിയാണ് കലോത്സവത്തിന്രെ ഉദ്ഘാടകനാകുന്നത്. ഇത്തവണ സി പി എമ്മിന്രെ കൊല്ലം ജില്ലാ സമ്മേളനത്തിന്രെ തിരക്കുകളിലായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവ ഉദ്ഘാടനത്തിന് എത്താതിരുന്നത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം വരാത്തതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

രാവിലെ ഒമ്പത് മണിക്കാണ് ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും അത് മൂന്നു മണിക്കൂറോളം വൈകിയാണ് നടന്നത്.

രാവിലെ 8.45ന് കലോത്സവ നഗരിയിൽ കേളികൊട്ടുയർന്നു. 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളിൽ 14 കലാരൂപങ്ങൾ അരങ്ങേറി. രാവിലെ ഒന്‍പത് മണിക്ക് പ്രധാന വേദിക്ക് മുന്നില്‍ മെഗാ തിരുവാതിരയോടെയാണ് മേളയ്ക്ക് തുടക്കമായത്. 1000 കുട്ടികളാണ് തിരുവാതിരയില്‍ ചുവടുവച്ചത്.

കേരള സ്കൂൾ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം ഇത്തവണ പരിഷ്‌കരിച്ച മാന്വൽ പ്രകാരമാണ് നടക്കുന്നത്. 24 വേദികളാണ് മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

234 ഇനങ്ങളിൽ 8954 വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ മത്സരാർഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന. വിദ്യാർത്ഥികൾക്ക് നഗരത്തിലെ 21 സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ മത്സരങ്ങൾ നടത്തുന്നത്. ഒരിടത്തും പ്ലാസ്റ്റിക് അനുവദിക്കില്ല. പേന മുതൽ മുകളിലേക്ക് എല്ലാം പ്ലാസ്റ്റിക് വിമുക്തമാക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ