ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വർധനവ് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റി തീരുമാനത്തിനെതിരായ ആശുപത്രി മാനേജ്മെന്റുകളുടെ ഹർജി തള്ളി. നഴ്സുമാരുടെ വേതനം നിശ്ചയിക്കുന്നതിൽ തങ്ങളുടെ ഭാഗം സർക്കാർ കേട്ടില്ലെന്ന ആശുപത്രി മാനേജ്മെന്റുകളുടെ വാദമാണ് സുപ്രീം കോടതി തള്ളിയത്.

മിനിമം വേജസ് കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുന്നത് നേരത്തേ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവിലാണ് മിനിമം വേജസ് കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് സുപ്രീം കോടതി തടഞ്ഞത്. ഇന്ന് വാദപ്രതിവാദത്തിനൊടുവിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ വാദം തള്ളിക്കൊണ്ട് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് പച്ചക്കൊടി കാട്ടിയത്.

നേരത്ത സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന വേതനം 20000 രൂപയാക്കി സർക്കാർ തീരുമാനം എടുത്തിരുന്നു. മിനിമം വേജസ് കമ്മിറ്റി ശുപാർശകൾ അംഗീകരിച്ചാണ് ഈ തീരുമാനം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് ആശുപത്രി മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ