കൊച്ചി: ഐഎസ്എൽ നാലാം സീസണിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നതിനായി സച്ചിൻ തെൻഡുൽക്കർ കൊച്ചിയിലെത്തി. നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് സഹ ഉടമ കൂടിയായ സച്ചിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടീമിന് എല്ലാവിധ ആശംസകൾ നേരുന്നതായും മികച്ച പിന്തുണ നൽകുന്ന ആരാധകരോട് നന്ദിയുണ്ടെന്നും സച്ചിൻ പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 11.50 ഓടെയാണ് സച്ചിൻ എത്തിയത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിലും സച്ചിനും ഭാര്യയും പങ്കെടുക്കും. വർണാഭമായ പരിപാടികളാണ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കൊച്ചി സ്റ്റേഡിയത്തിൽ നടക്കുക. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കെയ്ഫിന്റെ ഡാൻസ് പെർഫോമൻസും ഉണ്ടായിരിക്കും.

വൈകിട്ട് ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സും അത്‌ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുളള മൽസരം. രണ്ട് വട്ടം കിരീടം നേടിയ അത്‌ലറ്റികോ ഡി കൊൽക്കത്തയും രണ്ട് വട്ടം ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുമ്പോൾ മികച്ച മത്സരം പിറവിയെടുക്കുമെന്നാണ് കളിയാരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ