തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ മാറ്റം വരുത്താൻ ഇടതുമുന്നണി തീരുമാനം. നിലവിലെ നിയമതടസങ്ങളില്ലാത്ത ഇടങ്ങളിൽ ബാറുകൾ അനുവദിക്കാൻ തിരുവനന്തപുരത്ത് നടക്കുന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.

കള്ളുവ്യവസായത്തിന്റെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാജമദ്യ-മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കാനുമാണ് പുതിയ തീരുമാനമെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ടൂറിസം മേഖലയിൽ ത്രീ സ്റ്റാറിനും മുകളിലേക്കുള്ള ഹോട്ടലുകൾക്കും കള്ള് വിതരണത്തിന് അനുമതി നൽകണം, കള്ള് ചെത്ത് വ്യവസായ ബോർഡ് രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇടതുമുന്നണി മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവിലെ അബ്കാരി ചട്ടം വേഗത്തിൽ പൊളിച്ചെഴുതണമെന്ന നിർദ്ദേശം മുന്നണി മുന്നോട്ട് വച്ചിട്ടുണ്ട്. മദ്യവിൽപ്പന കൂടിയ സാഹചര്യത്തിലാണ് ഈ നിർദ്ദേശം.

ടൂ സ്റ്റാർ, ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകാനാണ് യോഗം തിരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം കൈക്കൊള്ളും. ഇടതുമുന്നണിയിൽ സമവായം ഉണ്ടാക്കിയ ശേഷമാണ് സംസ്ഥാന സർക്കാർ മദ്യനയത്തിൽ യുഡിഎഫ് നയം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്.

ഇതോടെ 319 ബാറുകളാണ് സംസ്ഥാനത്ത് തുറക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ കള്ളുഷാപ്പിൽ മാത്രമുള്ള കള്ളിന്റെ വിൽപ്പന മറ്റ് ഹോട്ടലുകളിലേക്കും വ്യാപിപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.  വിനോദസഞ്ചാര മേഖലയിൽ സ്റ്റാർ ഹോട്ടലുകളിലേക്കും കള്ളിന്റെ വിൽപ്പന വ്യാപിപ്പിക്കാനാണ് മുന്നണി തീരുമാനം.

 

BAR, മദ്യശാല, beer wine parlour, ബിയർ വൈൻ പാർലറുകൾ, ബിയർ, beer, wine parlour, വൈൻ പാർലർ, എൽഡിഎഫിന്റെ മദ്യനയം, LDF liquor

കഴിഞ്ഞ സർക്കാരിന്റെ മദ്യനയം കൊണ്ട് മദ്യ ഉപഭോഗത്തിൽ കുറവു വന്നതായി കണക്കുകളില്ലെന്ന് നേരത്തേ തന്നെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.  മദ്യ ലഭ്യത കുറഞ്ഞതോടെ അനധികൃത മദ്യത്തിന്റെ ഒഴുക്കും ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് വ്യാജമദ്യ വില്‍പന വർധിച്ചെന്നും മന്ത്രി പറഞ്ഞു. ഇവയ്ക്കെതിരെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് മദ്യനിരോധനം നടപ്പിലാക്കിയപ്പോൾ എൽഡിഎഫ് അന്ന് തന്നെ ഇത് തെറ്റായ സമീപനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മദ്യനിരോധനം ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മദ്യവർജനം എന്ന നയം ഇടതുമുന്നണി സ്വീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ മദ്യനയം മാറ്റുമെന്ന് ഇടതുമുന്നണി പറഞ്ഞിരുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടക്കം പൂട്ടിയത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മദ്യ ഉപഭോഗം കുറയ്ക്കാൻ ബോധവൽക്കരണം ആവശ്യമാണ്. ലൈബ്രറി കൗൺസിലുകൾ വഴി ബോധവൽക്കരണം നിലവിൽ നടത്തുന്നുണ്ട്. മദ്യ വില്‍പ്പനശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിധേയമായി മാത്രമെ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം നിയമസഭയുടെ 60-ാം വാര്‍ഷികം പ്രമാണിച്ച് പഴയനിയമസഭാ ഹാളിലാണ് ഇന്ന് നിയമസഭ ചേരുന്നത്. കേരള പിറവിക്കുശേഷം നിലവിൽ വന്ന ആദ്യനിയമസഭയ്ക്ക് വർത്തമാന കാല നിയമസഭ ആദരം അർപ്പിക്കാനായി പ്രത്യേക ബില്ലും പാസാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ