തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. കൊലപാതകത്തിൽ പങ്കെടുത്ത സിബിയാണ് പിടിയിലായത്. ഇതോടെ കേസിലെ 11 പ്രതികളും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയാണ് ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷ് (34) വെട്ടേറ്റു മരിച്ചത്. ​ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമെന്നായിരുന്നു എഫ്ഐആർ. ബിജെപി-ഡിവൈഎഫ്ഐ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകം. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. അതിനുശേഷം ശാഖ കഴിഞ്ഞ് മടങ്ങുകയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ