പാലക്കാട്​: സര്‍ക്കാര്‍ വിലക്ക് കാറ്റില്‍ പറത്തി ആർഎസ്​എസ്​ മേധാവി മോഹൻ ഭാഗവത്​ കല്ലേക്കാട്​ വ്യാസ വിദ്യാപീഠം സ്​കൂളിൽ പതാക ഉയർത്തി. റിപബ്ലിക്​ ദിനത്തിൽ പതാക ഉയർത്തുന്നതിന്​ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത്​ മറികടന്നാണ്​ മോഹൻ ഭാഗവത്​ പതാക ഉയർത്തിയത്​. സ്​കൂൾ മേലധികാരികൾ വേണം പതാക ഉയർത്താനെന്നായിരുന്നു സർക്കാർ നിർദേശം.

നേരത്തെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പാലക്കാട്​ കർണ്ണകിയമ്മൻ സ്​കൂളിൽ മോഹൻ ഭാഗവത്​ പതാക ഉയർത്തിയത്​ വിവാദമായിരുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കലക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണ്. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കലക്ടര്‍ വ്യക്തമാക്കുന്നത്.

എന്നാൽ, സിബിഎസ്​ഇ സിലബസ്​ അനുസരിച്ച്​ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്​ കേരളത്തിലെ പൊതുവിദ്യഭ്യാസ വകുപ്പ്​ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ബാധകമാവില്ലെന്നാണ്​ സ്​കൂൾ അധികാരികൾ ഉയർത്തുന്ന വാദം. പൊതുവിദ്യാഭ്യാസ വകുപ്പ്​ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ മുമ്പും തങ്ങൾക്ക്​ ലഭിച്ചിരുന്നില്ലെന്നും ഇവർ അവകാശപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ