കാസർകോട്: അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ രംഗത്ത്. എജിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയാൻ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മലയാളികളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റവന്യൂവകുപ്പ് ആരുടേയും തറവാട്ട് സ്വത്തല്ലെന്ന് സി.പി.സുധാകര പ്രസാദ് പറഞ്ഞിരുന്നു.

‘അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തന്പാനെ മാറ്റിയതിനെതിരെ താൻ നൽകിയ കത്തിന് എജി മറുപടി നൽകിയില്ല. ഇത് ശരിയായ നിലപാടല്ല. ഈ രീതിയിലാണോ മന്ത്രിയോട് പെരുമാറേണ്ടതെന്ന് എജി ആലോചിക്കണം. എജിക്ക് അതൃപ്തിയുണ്ടെങ്കിൽ അത് വാർത്താ സമ്മേളനം നടത്തിയല്ല മറുപടി പറയേണ്ടത്. കോടതിയിൽ കേസ് ഏത് രീതിയിൽ വാദിക്കണമെന്നത് എജിയുടെ അധികാരമായിരിക്കാം. എന്നാൽ റവന്യൂ വകുപ്പിന്റെ അധിപൻ താനാണ്. വകുപ്പിലെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് താനാണ്’ മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് എഎജി തന്നെ വാദിക്കണമെന്നാണ് തന്റെ നിലപാട്. റവന്യൂ കേസുകൾ വാദിച്ച് പരിചയമുള്ള ആളാണ് രഞ്ജിത് തന്പാൻ. അദ്ദേഹത്തെ നീക്കിയത് ശരിയല്ല. ഏത് വിധേനയും റവന്യൂ ഭൂമി സംരക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിഷയത്തിൽ റവന്യൂ മന്ത്രിക്ക് ശക്തമായ പിന്തുണയുമായി സിപിഐ രംഗത്തെത്തിയിരുന്നു. അഡ്വക്കേറ്റ് ജനറൽ സർക്കാരിന് മുകളിൽ അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ