തിരുവനന്തതപുരം: മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്ത റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഇടപെട്ടാണ് നടപടി മരവിപ്പിച്ചത്. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥർക്കും കൂട്ട സ്ഥലം മാറ്റം കിട്ടിയത്.

ഹെഡ് ക്ലര്‍ക്ക് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരുന്നത്. എന്നാല്‍ സംഭവം വിദമായതോടെ റവന്യുമന്ത്രി ഇടപെടുകയായിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ നേരത്തേ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സബ് കളക്ടർക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു.
പ്രാദേശിക രാഷ്ട്രീയ കക്ഷികൾ നടത്തിയ നീക്കത്തിലൂടെയാണ് ഉദ്യോഗസ്ഥരുടെ മാറ്റത്തിന് വഴിയൊരുക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഹെഡ് ക്ലര്‍ക്ക് പി. ബാലചന്ദ്രന്‍ പിള്ള, ക്ലര്‍ക്കുമാരായ പി.കെ ഷിജു, സോമന്‍, ആര്‍.കെ. സിജു എന്നിവരെയായിരുന്നു സ്ഥലം മാറ്റിയിരുന്നത്.

കെയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന അഡീഷണല്‍ തഹസില്‍ദാരെ തൊടുപുഴയിലേക്ക് സ്ഥലം മാറ്റി നേരത്തേ തന്നെ സർക്കാർ ഉത്തരവ് പുറത്തുവന്നിരുന്നു. 12 പേരായിരുന്നു ദേവികുളം ആർഡിഒ ഓഫീസിൽ ഉണ്ടായിരുന്നത്. ഇവിടെ ശേഷിക്കുന്നവരെയും വേഗത്തിൽ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ