തിരുവനന്തപുരം: സർക്കാർ പുറന്പോക്കും ജല അതോറിറ്റി ഭൂമിയും കൈയ്യേറി ലോ അക്കാദമി മാനേജ്മെന്റ് പണിത പ്രധാന കവാടവും മതിലും നീക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ സമരം ചെയ്ത ഭാഗത്തെ ഗേറ്റ് രാവിലെ തന്നെ മാനേജ്മെന്റ് പ്രതിനിധികൾ ഇളക്കി മാറ്റി. 24 മണിക്കൂറിനുള്ളിൽ അനധികൃതമായി ഭൂമി കൈയ്യേറി നിർമ്മിച്ച കവാടവും മതിലും പൊളിക്കണമെന്ന് ഇന്നലെ റവന്യു വകുപ്പിൽ നിന്നും നോട്ടിസ് കൈപ്പറ്റിയിരുന്നു.

ജല അതോറിറ്റിയുടെ സ്ഥലത്തും സർക്കാർ പുറന്പോക്കിലുമായി നിർമ്മിച്ചവയാണ് പൊളിക്കേണ്ടത്. കവാടവും മതിലും പൊളിച്ചില്ലെങ്കിൽ ജില്ല കളക്ടർ ഇവ ഒഴിപ്പിക്കുമെന്നും റവന്യ വകുപ്പിന്റെ നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹോട്ടലും ബാങ്കും ക്യാംപസ് സ്ഥലത്ത് പ്രവർത്തിക്കുന്നതിൽ വിശദീകരണം നൽകാനും മാനേജ്മെന്റിന് റവന്യു വകുപ്പ് നിർദ്ദേശം നൽകി. ലോ അക്കാദമി മാനേജ്മെന്റ് തന്നെ എത്രയും വേഗം സർക്കാർ സ്ഥലത്തെ നിർമ്മിതികൾ ഒഴിവാക്കണമെന്ന് ഇ.ചന്ദ്രശേഖരൻ പറഞ്ഞു. “സർക്കാർ ഭൂമിയിലാണ് ഇവയുള്ളത്. പൊളിച്ചുമാറ്റാൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ കളക്ടർ കയ്യേറ്റം ഒഴിപ്പിക്കും.” അദ്ദേഹം വ്യക്തമാക്കി.

റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ അക്കാദമി മാനേജ്മെന്റ് ജല അതോറിറ്റിുടെ സ്ഥലത്തും പൊതുവഴിയിലും പൈപ്പലൈൻ കടന്നുപോകുന്ന വഴിയിലും അനധികൃത നിർമ്മിതികൾ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട് ഉണ്ടായിരുന്നത്.

അതേസമയം സർവ്വകലാശാലയ്‌ക്ക് കീഴിലെ ഏക സ്വകാര്യ കോളേജ് എന്ന പദവിയുമായി ബന്ധപ്പെട്ട് ലോ അക്കാദമിയുടെ അഫിലിയേഷൻ പരിശോധിക്കാൻ സിന്റിക്കേറ്റ് തീരുമാനിച്ചു. 1972 ലെ ഡയറക്ട് പേമെന്റ് കരാറിൽ ഒപ്പുവയ്ക്കാതിരുന്നതിനാൽ ലോ അക്കാദമി മാത്രം സ്വകാര്യ കോളേജ് പട്ടികയിലാണ്. ഗവർണർ റിപ്പോർട്ട് തേടിയ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വേഗത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സർവ്വകലാശാല അഫിലിയേഷൻ കമ്മിറ്റിക്ക് സിന്റിക്കേറ്റ് നിർദ്ദേശം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ