തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തിന് നീതി തേടി സെക്രട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുനേരെ പ്രതിഷേധം. ശ്രീജിത്തിന്റെ സമരം 764 ദിവസം പിന്നിടുമ്പോഴാണ് ഐക്യദാർഢ്യം അറിയിച്ച് ചെന്നിത്തല സമരപ്പന്തലിലെത്തിയത്.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകണമെന്നും അതിനുളള നിയമസഹായം നൽകാമെന്നും ശ്രീജിത്തിനോട് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയിൽ പോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെയാണ് ശ്രീജിത്തിന്റെ സുഹൃത്തുക്കൾ വിഷയത്തിൽ ഇടപെട്ടത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും അന്ന് ശ്രീജിത്തിനൊപ്പം ചെന്നിത്തലയെ കാണാൻ താനും വന്നിരുന്നതായി ശ്രീജിത്തിന് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു. രാത്രിയിൽ അവിടെ കിടന്നാൽ കൊതുകു കടിക്കുമെന്നായിരുന്നു ചെന്നിത്തല ശ്രീജിത്തിനോട് അന്ന് പറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു. ഇതോടെ ചെന്നിത്തല സുഹൃത്തിനോട് ക്ഭുഭിതനായി. ഇതിനുപിന്നാലെ പ്രതിപക്ഷ നേതാവിനുനേരെ സുഹൃത്തുക്കളുടെ പ്രതിഷേധം ശക്തമായി.

രമേശ് ചെന്നിത്തലയ്ക്കു പിന്നാലെ സമരപ്പന്തലിലെത്തിയ ബിജെപി പ്രവർത്തകർ ബാനറുകൾ സ്ഥാപിച്ച് ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരമാരംഭിച്ചു. ബിജെപി പ്രവർത്തകർക്കുനേരെയും ശ്രീജിത്തിന്റെ സുഹൃത്തുക്കൾ പ്രതിഷേധ സ്വരമുയർത്തി.

2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്. രണ്ടു വർഷത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് കൂട്ടായി ഉണ്ടായിരുന്നത് സുഹൃത്തുക്കൾ മാത്രമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ