തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് വീഴ്ചകളെ കൊണ്ട് കേരളം പൊറുതി മുട്ടി ഇരിക്കുമ്പോഴാണ് എസ്.എസ് എൽ. സി.പരീക്ഷയിലും സർക്കാരിന് വൻവീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നത് സര്‍ക്കാരിന്റെ പിടിപ്പ്കേടിന്റെ അങ്ങേയറ്റമാണ്. ഇതിനുത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. അദ്ദേഹം എത്രയും വേഗം രാജി വച്ചൊഴിയണമെന്നും ചെന്നിത്തല പറഞ്ഞു.
പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ക്ക് എസ്.എസ്.എല്‍.സി പോലെ സുപ്രധാനമായ ഒരു പരീക്ഷ പോലും നേരെ നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന തരത്തിലാണ് കണക്ക് പരീക്ഷ നടത്തിയത്. കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയാത്ത തരത്തില്‍, സിലബസില്‍ ഇല്ലാത്തതും കടുകട്ടിയുമായ ചോദ്യങ്ങളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. ഈ ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന് ഒരു സ്വകാര്യ ഏജന്‍സിയുമായി ബന്ധമുണ്ടെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങളില്‍ പലതും അതേ പടി ഈ ഏജന്‍സിയുടെ മാതൃകാ ചോദ്യത്തില്‍ ആവര്‍ത്തിക്കുന്ന ഗുരുതരമായ വീഴ്ചയുമുണ്ടായി. എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പില്‍ പുലര്‍ത്തേണ്ട അതീവ ജാഗ്രത ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കണക്ക് ചോദ്യപേപ്പറിനെക്കുറിച്ച് നിരവധി രക്ഷിതാക്കള്‍ എന്നോട് പരാതിപ്പെട്ടിരുന്നു. ഞാൻ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചതാണ്. വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന 30ന് പുന:പരീക്ഷ പ്രഖ്യാപിച്ചതോടെ കുട്ടികൾകളുടെ ദുരിതം ഇരട്ടിയാകും.പിടിപ്പുകേടിന്റെ പേരിൽ കേരളത്തെ നാണം കെടുത്തുന്ന സംഭവങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ