ദില്ലി: യൂത്ത് കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ മരണനവാര്‍ത്ത ഞെട്ടിപ്പിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീരുത്വം നിറഞ്ഞ ഈ അക്രമം നടത്തിയവര്‍ നിയമത്തിന് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷുഹൈബിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ എടയന്നൂരിൽ വച്ചായിരുന്നു ഇന്നലെ രാത്രി എസ്.പി.ശുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികൾ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റു പരുക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നടന്ന സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ ശുഹൈബ് പൊലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. ജയിലിൽനിന്നും പുറത്തിറങ്ങി അധിക ദിവസം കഴിയും മുൻപേയാണ് ശുഹൈബ് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ