കൊച്ചി: ഗോവയിൽവച്ച് നടിയെ ആക്രമിക്കാൻ പൾസർ സുനി പദ്ധതിയിട്ടതായും എന്നാൽ ഈ ശ്രമം പാളിയതായും പൊലീസ് വൃത്തങ്ങളിൽനിന്നും വിവരം ലഭിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹണി ബീ 2 വിന്റെ ഷൂട്ടിങ്ങിനായാണ് നടി ഗോവയിലെത്തിയത്. ഡ്രൈവറായി പൾസർ സുനിയും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഒരു ദിവസം മാത്രമാണ് നടി ഇവിടെ ഉണ്ടായിരുന്നത്. ഈ സമയത്തിനുളളിൽ തന്റെ കൂട്ടാളിയെയും നടിയെ തട്ടിക്കൊണ്ടു പോകാനുളള വാഹനവും ഗോവയിലെത്തിക്കാൻ സുനിക്കായില്ല. ഇതാണ് ശ്രമം പാളാൻ കാരണമെന്നും ചാനൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, നടിയെ ആക്രമിക്കാനുളള ക്വട്ടേഷൻ നടപ്പാക്കാൻ വൈകിയത് പൾസർ സുനി മോഷണക്കേസിൽ കുടുങ്ങിയതിനാലാണെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു. 2013 ലാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. ഈ സമയത്താണ് സുനി മറ്റൊരു കവർച്ചാക്കേസിൽ പ്രതിയായത്. പാലായിലെ കിടങ്ങൂരിൽവച്ച് കെഎസ്ആർടിസി ബസിലെ യാത്രക്കാരനുനേരെ മുളകുപൊടി സ്‌പ്രേ ചെയ്ത് നാലു ലക്ഷം രൂപ കവർന്നുവെന്നാണ് കേസ്. ഇതിനുശേഷം ഒരു വർഷം ഒളിവിലായിരുന്നു. കോയമ്പത്തൂരിലാണ് ഒളിവിൽ കഴിഞ്ഞത്. പിന്നീട് കോടതിയിൽ കീഴടങ്ങി. ഇതിനുശേഷം സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചുവരാൻ സമയമെടുത്തു. ഇതാണ് ക്വട്ടേഷൻ വൈകാൻ കാരണമെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

2013 ഏപ്രിലിലാണ് നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊച്ചി എംജി റോഡിലെ അബാദ് പ്ലാസ ഹോട്ടലിലെ 410-ാം മുറിയിൽവച്ചാണ് ഇതിനായി ആദ്യം ഗൂഢാലോചന നടത്തിയത്. 2013 മാർച്ച് 26 മുതൽ ഏപ്രിൽ 7 വരെ ദിലീപ് ഇവിടെ താമസിച്ചു. ഇതിൽ ഒരു ദിവസം രാത്രി ഏഴിനും എട്ടിനും ഇടയിൽ പൾസർ സുനിയുമായി കൂടിക്കാഴ്ച നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങൾ എടുക്കണമെന്നും അത് വ്യാജ ചിത്രങ്ങൾ ആകരുതെന്നും പൾസർ സുനിക്ക് ദിലീപ് നിർദേശം നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇതിനുശേഷം കഴിഞ്ഞ നവംബറിൽ ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്റെ ചിത്രീകരണ സമയത്താണ് രണ്ടാംവട്ട ഗൂഢാലോചന നടക്കുന്നത്. നവംബർ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനിലും 13 ന് തൃശൂരിലെ ടെന്നിസ് ക്ലബിലും 14 ന് തൊടുപുഴ ശാന്തിഗിരി കോളജിൽവച്ചും ദിലീപും പൾസർ സുനിയും തമ്മിൽ കണ്ടു. നടിയെ ആക്രമിക്കുന്നതിന് ഒരു വർഷം മുൻപ് സുനി തൃശൂരിലെത്തി. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ഫോണിൽ വിളിച്ച ശേഷം ബൈക്കിലാണ് എത്തിയത്. ഇവിടെ ദിലീപിന്റെ ബിഎംഡബ്ല്യു കാറിൽവച്ച് ഇരുവരും സംസാരിച്ചു. ക്വട്ടേഷന് അഡ്വാൻസ് ആയി 1000 രൂപ നൽകി. ആയിരത്തിന്റെ 10 നോട്ടുകളായിട്ടാണ് അഡ്വാൻസ് നൽകിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ