കൊച്ചി: നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്ന് പൊലീസ്. ക്വട്ടേഷനു പിന്നിൽ സ്ത്രീ ഇല്ലെന്ന് പൊലീസ് ഉറപ്പിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണ സമയത്ത് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് ആക്രമണത്തിനിരയായ നടിയോട് സുനി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നൽകിയപ്പോൾ നടി പറഞ്ഞിരുന്നു. പൊലീസിന് നൽകിയ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് സുനി പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാൻ സുനി പ്രയോഗിച്ച തന്ത്രമാണ് ഇതെന്നാണ് പൊലീസിസ് പറയുന്നത്.

ദിലീപിലേക്ക് അന്വേഷണം എത്താതിരിക്കാൻ ആദ്യം മുതലേ സുനി ശ്രമിച്ചിരുന്നു. താൻ ജയിലിൽ പോയാലും ദിലീപ് സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ബോധപൂർവം അന്വേഷണത്തെ അട്ടിമറിക്കാൻ ഒരു മാഡത്തെക്കുറിച്ച് മൊഴി നൽകിയതെന്നും പൊലീസ് പറയുന്നു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ ദിലീപിന്റെയും മഞ്ജുവാര്യരുടെയും ബന്ധുക്കളുടെ മൊഴിയെടുത്തു. മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ, ദിലീപിന്റെ സഹോദരീ ഭർത്താവ് എന്നിവരടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ