തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരത്തെ നേരിടാന്‍ സ്വകാര്യ മാനേജ്മെന്റ്. തിങ്കളാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ അടച്ചിടാനാണ് മാനേജ്മെന്റിന്റെ തീരുമാനം. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു.

നഴ്സുമാർ സമരം ആരംഭിച്ചാൽ ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും. രോഗികൾ മരിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കാനും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ആശുപത്രികൾ അടച്ചിടുകയായിരിക്കും ഉചിതമെന്നാണ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ വിലയിരുത്തൽ.

ഇത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. നേരത്തേ സര്‍ക്കാര്‍ ഇടപെട്ട് മുന്നോട്ട് വെച്ച ധാരണ അംഗീകരിക്കാന്‍ നഴ്സുമാര്‍ തയ്യാറായിരുന്നില്ല.

നഴ്സുമാരും മാനേജ്മെന്‍റുകളും സമരം പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കും. സ്വകാര്യ ആശുപത്രികൾ പ്രവർത്തനം നിർത്തിവയ്ക്കുന്നതോടെ രോഗികൾ എല്ലാം സർക്കാർ ആശുപത്രികളിലേക്ക് എത്തും. ഇത് സർക്കാർ ആശുപത്രികളും പ്രവർത്തനവും താറുമാറാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ