കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ഇന്ന് രാവിലെ 10.35 നാണ് കൊച്ചി മെട്രോ ഉദ്ഘാടനം. മെട്രോയുടെ ഉദ്ഘാടനത്തിന് പുറമേ പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

ഇന്ന് രാവിലെ 10.15 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ദക്ഷിണ നാവികസേന വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.

ഇവിടെ നിന്ന് റോഡ് മാർഗം പാലാരിവട്ടത്ത് എത്തുന്ന പ്രധാനമന്ത്രി 10.35ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പാലാരിവട്ടത്തെ മെട്രോ സ്റ്റേഷനിലാണ് ഈ ചടങ്ങ്. ഇവിടെ നിന്ന് മെട്രോയിൽ പത്തടിപ്പാലത്തേക്ക് യാത്ര തിരിക്കും.

ഇതേ ട്രെയിനിൽ തിരിച്ച് പാലാരിവട്ടത്തേക്കും പ്രധാനമന്ത്രി വരും. തുടർന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ പൊതു സമ്മേളനം നടക്കും. ഇവിടെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ എന്നിവരും ഉണ്ടാകും.

പി.എന്‍ പണിക്കര്‍ ദേശീയ വായനാമാസാചരണ പരിപാടിയുടെ ഉദ്ഘാടനം 12.15-ന് സെന്റ് തെരേസാസ് കോളേജിലാണ് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞാലുടൻ പ്രധാനമന്ത്രി ഇങ്ങോട്ടേക്ക് യാത്ര തിരിക്കും. ഈ പരിപാടി കഴിഞ്ഞ് ഉച്ചയ്‌ക്ക് 1.05 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക വിമാനത്താവളത്തിലേക്ക് തിരികെയെത്തും. ഇവിടെ  മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സംസ്ഥാന മന്ത്രിമാരുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് 1.25 ഓടെയാണ് പ്രധാനമന്ത്രിയുടെ മടക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ