“ആ കുരിശ് ഏറ്റെടുത്തിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി പുതിയ സഭ തുടങ്ങാൻ പോവുകയാണോ?”കപ്പൂച്ചിയൻ വൈദികൻ. മൂന്നാറിൽ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടാണ് വൈദികന്റെ ഈ പ്രതികരണം.

മൂന്നാറിൽ സ്ഥലം കൈയേറി സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് രാവിലെ പൊളിച്ചുനീക്കിയിരുന്നു. എന്നാൽ ഈ​ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂവകുപ്പ് അധികൃതർക്കെതിരെ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയോട് വിയോജിച്ചുകൊണ്ടാണ് കപ്പൂച്ചിയൻ വൈദികനായ ജിജോ കുര്യൻ തന്റെ ഫെയ്‌സ് ബൂക്കിലൂടെ പരിഹസിച്ചത്.

“മൂന്നാറില്‍ കുരിശുപൊളിച്ചതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി. “പൊളിക്കലല്ല, ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം” എന്ന്. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തൊടങ്ങാന്‍ പോവ്വ്വാ?” എന്നാണ്  ഫാദർ ജിജോ കുര്യന്റെ  പോസ്റ്റ്. പോസ്റ്റ് ഇട്ട് മിനിട്ടുകൾക്കുളളിൽ പലരും അതിനോട് പ്രതികരിച്ച് രംഗത്ത് വന്നു.

Read More: ജിജോ കുര്യൻ ഈ വിഷയത്തിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം:മതങ്ങൾ പാരിസ്ഥിക-മനുഷ്യാവകാശ വിചാരണ നേരിടുമ്പോള്‍

നേരത്തെ യാക്കോബായ നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് റവന്യൂവകുപ്പിന്റെ ഈ നടപടിയെ ന്യയീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു.

മൂന്നാറിൽ ഭൂമി കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു മുഖ്യമന്ത്രി  പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.

“പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയാകുമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് വിവരം. “കുരിശ് എന്ത് പിഴച്ചു, വലിയൊരു വിഭാഗം പ്രത്യാശയോടെയാണ് കുരിശിനെ കാണുന്നത്. കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്. എല്ലാം പരസ്യമായി പറയാന്‍ കഴിയില്ല,

ഇന്ന് രാവിലെയാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ