മൂന്നാർ: സ്ത്രീത്വത്തെ അപമാനിച്ച എം.എം.മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിൽ നിരാഹാരം സമരം നടത്തി വന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സമര പന്തലിൽ നിന്ന് ബലമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗോമതി അടക്കമുള്ളവരുടെ ആരോഗ്യ സ്ഥിതി വളരെ മോശമായ സാഹചര്യത്തിലാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ആശുപത്രിയിൽ എത്തിയാലും സമരം തുടരുമെന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. സമരപന്തലിൽ സംഘർഷം ഉണ്ടായി. ബലപ്രയോഗത്തിലൂടെയാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രവർത്തകരിലൊരാളായ രാജേശ്വരിയെ രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കൽ സംഘം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജേശ്വരിയെ നിർബന്ധപൂർവം പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അവർ തയാറായില്ല. ഇരുവരും നിരാഹാര സമരം തുടരുകയായിരുന്നു. എം.എം.മണി രാജി വയ്ക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും മരണം വരെയും സമരം ചെയ്യുമെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഉച്ച കഴിഞ്ഞ് ഇരുവരെയും പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ