കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തിൽ ജിൻസിന്റെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിൽ പൊലീസ്. നടി മുൻപ് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നതായാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ച വിവരം. ഇതോടെ ജിൻസിന്റെ മൊഴിയിൽ പൊലീസിന് പ്രതീക്ഷ വർദ്ധിച്ചിട്ടുണ്ട്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശ പ്രകാരം ആലുവ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരിക്കും മൊഴി രേഖപ്പെടുത്തുക. കേസന്വേഷണത്തിന്റെ മുന്നോട്ട് പോക്കിന് സഹായകരമായ മൊഴി ഇയാൾ നൽകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. പുതിയ സാഹചര്യത്തിൽ പൾസർ സുനിയെയും ജിൻസിനെയും രണ്ട് സെല്ലുകളിലേക്ക് മാറ്റിയതായി കാക്കനാട് ജില്ല ജയിൽ അധികൃതർ പറഞ്ഞു.

ഇന്നലെ വൈകിട്ട് ആലുവ പൊലീസ് ക്ലബിൽ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കാൻ ശ്രമിച്ചതും ക്വട്ടേഷനാണെന്ന് പൾസർ സുനി പറഞ്ഞതായ വെളിപ്പെടുത്തലിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോയെന്നാണ് പൊലീസ് അന്വേഷിച്ചത്.

നേരത്തേ നൽകിയ മൊഴിയിൽ നിന്ന് നടി പിന്മാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ആക്രമണത്തിന് പിന്നിൽ ഉന്നത ഗൂഢാലോചന ഉണ്ടെന്ന സംശയം ശക്തമായി. പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ ജിൻസിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് അനുമതി തേടിയിരുന്നു. ആലുവ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ മൊഴി രേഖപ്പെടുത്താമെന്നാണ് പൊലീസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശിച്ചത്.

കേസിന്റെ അന്വേഷണ ചുമതല ഇപ്പോൾ പെരുമ്പാവൂർ സിഐയ്ക്കാണ്. എഡിജിപി ബി.സന്ധ്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട ചാലക്കുടി സ്വദേശി ജിൻസായിരുന്നു പൾസർ സുനിയുടെ കാക്കനാട് ജില്ല ജയിലിലെ സഹതടവുകാരൻ. ഇയാളോട് പൾസർ സുനി കേസിന്റെ നിർണ്ണായക വിവരങ്ങൾ പറഞ്ഞതായാണ് പൊലീസിന്റെ സംശയം. ജിൻസ് ജയിലിൽ നിന്ന് പുറത്തേക്ക് അയച്ച കത്തുകളും ഫോൺ കോളുകളും പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

നേരത്തേ പൾസർ സുനി, നടിയിൽ നിന്ന് പണം തട്ടാൻ നടത്തിയ ശ്രമമാണ് ഇതെന്ന നിലയിൽ കേസന്വേഷണം എത്തിയിരുന്നു. എന്നാൽ ഇത് പ്രതികളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കേസന്വേഷണം ഉന്നതരിലേക്ക് എത്തില്ലെന്ന തോന്നലിലാണ് പൾസർ സുനി ജിൻസിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

“കേസന്വേഷണം ശക്തമായാണ് മുന്നോട്ട് പോകുന്നതെന്നും, സത്യം പുറത്ത് കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുമെന്നും” എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ട് എ.വി.ജോർജ്ജ് പറഞ്ഞു.

മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ജിൻസിന്റെ മൊഴി വേഗത്തിൽ രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ ഉന്നതരിലേക്ക് അന്വേഷണം എത്തിക്കാൻ ജിൻസിന്റെ മൊഴികൾ സഹായിക്കുമെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്.

ആലുവ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ, ഇന്നലെ വൈകിട്ട് ആലുവ പൊലീസ് ക്ലബിൽ വച്ചായിരുന്നു നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ബെംഗലൂരുവിൽ ആയിരുന്ന നടിയെ ഇതിനായി നാട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. എഡിജിപി ബി.സന്ധ്യയുടെ സാന്നിദ്ധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അങ്കമാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കാറിനുള്ളിൽ വച്ച് നടിയെ പീഡിപ്പിക്കാൻ സംഘം ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലുപയോഗിച്ച് പകർത്തുകയും ചെയ്തു. പിന്നീട് കൊച്ചി നഗരം ചുറ്റിക്കറങ്ങിയ ശേഷം പാലാരിവട്ടത്ത് നടിയെ ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ നടിയുടെ ദൃശ്യങ്ങളോ, ഇത് പകർത്താൻ ഉപയോഗിച്ച ഫോണോ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാനും പൊലീസിന് സാധിച്ചില്ല. ഇതേ തുടർന്നാണ് കേസന്വേഷണം വഴി മുട്ടിയത്. മുഖ്യപ്രതി പൾസർ സുനി തന്നെ പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് കേസന്വേഷണത്തിന് വീണ്ടും ജീവൻ വച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ