ന്യൂഡല്‍ഹി: ബീഫ് കഴിച്ചവനെന്ന് ആരോപിച്ച് ട്രെയിനില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഡൽഹി കേരള ഹൗസിലെത്തിയ ജുനൈദിന്റെ മാതാപിതാക്കളായ ഷാഹിറ, ജലാലുദ്ദീൻ, സഹോദരങ്ങളായ ഹാഷിം, ഷാഖിർ എന്നിവരും മറ്റു ബന്ധുക്കളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

സി.പി.ഐ.എം പി.ബി.അംഗം വൃന്ദ കാരാട്ടും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും കൂടെയുണ്ടായിരുന്നു. രാജ്യത്തെ മതനിരപേക്ഷ സമൂഹം കുടുംബത്തിനു പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജുനൈദിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഹരിയാനയിലെ ഖംപി ഗ്രാമത്തിൽ ജുനൈദിന്റെ കുടുംബം ആരംഭിച്ച പഠനശാലയുടെ നിർമാണം പൂർത്തിയാക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി അവരെ പറഞ്ഞയച്ചത്.

ജൂണ്‍ 22നാണ് 15കാരനായ ജുനൈദിനെ മഥുര ട്രെയിനില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ജുനൈദും സഹോദരങ്ങളായ ഹാഷിമും സാക്കിറും ഡല്‍ഹിയില്‍ ഈദ് ഷോപ്പിങ് കഴിഞ്ഞ് ബല്ലഭ്ഗഢിലെ വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് അക്രമം നടന്നത്. ദേശദ്രോഹികളെന്നും ബീഫ് തിന്നുന്നവരെന്നന്നും അധിക്ഷേപിച്ചായിരുന്നു മര്‍ദനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ