തിരുവനന്തപുരം: വളരെ ദുര്‍ബലമായി കിടക്കുന്ന കോണ്‍ഗ്രസിനെ സഹതാപത്തോടെയാണ് സി.പി.എം കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ നേരത്തെ സി.പി.എം ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോൾ ശ്രമിക്കുന്നില്ല. കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സി.പി.എം അല്ല ഉത്തരവാദി. മതനിരപേക്ഷത പറഞ്ഞതു കൊണ്ടുമാത്രം കാര്യമില്ല. വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണം. അതുമായി സമരസപെടാന്‍ ശ്രമിക്കുകയാണ്. എന്‍.ഡി. തിവാരിയെ പോലുള്ള നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണം.
കണ്ണൂരിലെ സമാധാന ചര്‍ച്ചക്ക് മുമ്പ് സി.പി.എം, ബി.ജെ.പി നേതാക്കളോട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് കുമ്മനം രാജശേഖരനുമായി കൂടികാഴ്ച നടത്തിയത്. കുമ്മനം രാജശേഖരനുമായി അടച്ചിട്ട മുറിയില്‍ ഇരുന്നുവെന്നത് വസ്തുതയാണ്. ആര്‍.എസ്.എസ്- ബി.ജെ.പി, സി.പി.എം നേതാക്കളും ഉണ്ടായിരുന്നു. കണ്ണൂരിലെ സമാധാന ചര്‍ച്ചക്ക് മുന്നോടിയായി രണ്ടു കൂട്ടരെയും ഇരുത്തി ചര്‍ച്ച ചെയ്യാന്‍ താന്‍ വിളിച്ചിട്ടാണ് അവര്‍ വന്നത്. അതിന് അതിന്റേതായ ഫലമുണ്ട്. ചില സംഭവങ്ങള്‍ കണ്ണൂരില്‍ ഉണ്ടായെങ്കിലും പഴയ നിലയിലുണ്ടായില്ല. സംഘടനാ, ഇന്ദിരാ കോണ്‍ഗ്രസുകളെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസുമായി കൂട്ടുകൂടിയെന്ന് ഇ.എം.എസ് ചിന്തയില്‍ എഴുതിയെന്ന പി.ടി. തോമസിന്‍െറ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ആര്‍.എസ്.എസുമായി ഒരുഘട്ടത്തിലും കൂട്ടുകൂടിയിട്ടില്ല. ഇത് സംബന്ധിച്ച വെല്ലുവിളി ഏറ്റെടുക്കുന്നു.
ആര്‍.എസ്.എസുകാര്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങളില്‍ കേസെടുക്കാത്ത സംഭവങ്ങളുണ്ടോ എന്ന് പരിശോധിക്കും. കെ. സുരേന്ദ്രന്‍െറ മംഗലാപുരം പ്രസംഗത്തില്‍ കേസെടുക്കാന്‍ കഴിയുമോ എന്നതും പരിശോധിക്കും. തൊഗാഡിയക്ക് എതിരായ കേസ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് പിന്‍വലിച്ചത്. തിരുവനന്തപുരം എം.ജി കോളജില്‍ ആര്‍.എസ്.എസ്- എ.ബി.വി.പിക്കാരുടെ ബോംബ് ആക്രമണത്തില്‍ സി.ഐയുടെ കാലിന് പരിക്കേറ്റത് സംബന്ധിച്ച കേസും യു ഡി എഫ് സർക്കാർ പിന്‍വലിച്ചു. അത്തരമൊരു ദൗര്‍ബല്യം യു.ഡി.എഫ് കാണിച്ചു. എന്നാലത് എല്‍.ഡി.എഫില്‍ നിന്നുണ്ടാവില്ല.
എല്ലാത്തിനും കേന്ദ്രത്തിനെ കുറ്റംപറയുന്നുവെന്ന ഒ. രാജഗോപാലിന്റെ ആക്ഷേപം ശരിയല്ല. സര്‍ക്കാര്‍ വന്നത് കേന്ദ്രവുമായി ഏറ്റുമുട്ടാനല്ല. എന്നാല്‍ ജനജീവിതം മുന്നോട്ട് പോകുന്നതില്‍ തടസമുണ്ടാകുന്ന നയം കേന്ദ്രത്തില്‍ നിന്നുണ്ടായാല്‍ അത് തുറന്ന് പറയേണ്ടേ. റേഷന്‍ പ്രശ്നത്തില്‍ കേന്ദ്രനയം തുറന്ന് പറയാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ