മൂന്നാർ: മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മൂന്നാറിൽ നിരാഹാര സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരിലൊരാളായ രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കൽ സംഘം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജേശ്വരിയെ നിർബന്ധപൂർവം പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അവർ തയാറായില്ല. ഇരുവരും നിരാഹാര സമരം തുടരുകയാണ്. എം.എം.മണി രാജി വയ്ക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും മരണം വരെയും സമരം ചെയ്യുമെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. പ്രവർത്തകരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

പ്രവർത്തകരെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ ദിവസം പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റാനുളള പൊലീസിന്റെ നീക്കം പാളിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ