തിരുവനന്തപുരം: ഷുഹൈബ് വധം ഉയർത്തിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷ ബഹളം. കോൺഗ്രസ്-മുസ്ലിം ലീഗ് അംഗങ്ങൾ സ്പീക്കറുടെ ചേംബറിന് തൊട്ടുതാഴെ ബാനറും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ചോദ്യോത്തര വേള തടസപ്പെട്ടു. ഇതേ തുടർന്ന് സ്‌പീക്കർ ചോദ്യോത്തര വേള നിർത്തിവച്ചു.

അര മണിക്കൂറിന് ശേഷമാണ് സഭ വീണ്ടും ചേർന്നത്. ഈ സമയത്ത് പ്രതിപക്ഷ അംഗങ്ങളെ സ്‌പീക്കർ താക്കീത് ചെയ്തു. ചെയറിന്റെ മുഖം മറച്ച നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും പ്രതിഷേധം അതിരുവിടരുതെന്നും സ്‌പീക്കർ പ്രതിപക്ഷത്തെ അംഗങ്ങളോട് പറഞ്ഞു.

സംഭവത്തിൽ അടിയന്തിര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയിരുന്നു. ചോദ്യോത്തര വേളയ്ക്ക് ശേഷം ഇത് പരിഗണനയ്ക്ക് എടുക്കാമെന്ന് സ്‌പീക്കർ പറഞ്ഞെങ്കിലും യുവ എംഎൽഎമാർ ബഹളം തുടർന്നതോടെ സ്പീക്കർ ചോദ്യോത്തര വേള നിർത്തിവയ്ക്കുകയാണ് ഉണ്ടായത്.

ഷുഹൈബ് വധത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ പ്രതികൾ സിപിഎം പ്രവർത്തകരായതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. പലവട്ടം അംഗങ്ങളോട് സമാധാനം പാലിക്കാൻ സ്‌പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ അദ്ദേഹം രോഷാകുലനായി. പിന്നാലെ സഭ നിർത്തിവച്ചുവെന്ന് പ്രഖ്യാപിച്ച് സ്‌പീക്കർ പുറത്തേക്ക് പോയി.

ഇതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി.

സഭ വീണ്ടും ചേർന്നപ്പോൾ പേരാവൂർ എംഎൽഎ സണ്ണി ജോസഫ് അടിയന്തിര പ്രമേയ നോട്ടീസ് നൽകി. കേസിൽ പിടിച്ചത് ഡമ്മി പ്രതികളെയാണെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും അദ്ദേഹം ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യം പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിൽ ആരോപിച്ചു.

എന്നാൽ  കേസിൽ ശക്തമായ അന്വേഷണം തുടരുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേസിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ അന്വേഷണം തന്നെ മതിയെന്ന് പറഞ്ഞ പിണറായി സിബിഐ അന്വേഷണം എന്നൊരു ആവശ്യം ഉദിക്കുന്നില്ലെന്നും പറഞ്ഞു.

“ഷുഹൈബിന്റെ ബന്ധുക്കൾ കത്തുനൽകിയപ്പോൾ പ്രതികളാരും പിടിയിലായിരുന്നില്ല. എന്നാൽ പ്രതികൾ പിന്നീട് പിടിയിലായി. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം എന്നൊന്ന് ഉദിക്കുന്നില്ല”, പിണറായി പറഞ്ഞു.

ഇതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്താനുളള തീരുമാനത്തിലെത്തി. ഷുഹൈബ് വധത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ