തിരുവനന്തപുരം: രാജ്യം മുഴുവനും കേന്ദ്ര സർക്കാരും തീരദേശവാസികൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണാതായ മൽസ്യത്തൊഴിലാളികൾക്കായുളള തിരച്ചിൽ തുടരും. അവരെ കണ്ടെത്താനുളള എല്ലാ സഹായവും കേന്ദ്രസർക്കാർ ചെയ്യും. ദുരന്തബാധിതർക്ക് ആവശ്യമായ എന്തു സഹായവും സർക്കാർ ചെയ്യും. ദുരന്തബാധിതർക്ക് ഒപ്പമുണ്ടാകുമെന്ന ഉറപ്പു നൽകാനാണ് താൻ ഇവിടെ വന്നതെന്നും മോദി പറഞ്ഞു.
പൂന്തുറയിലെത്തിയ നരേന്ദ്ര മോദി ഓഖി ദുരന്തബാധിതരെ സന്ദർശിച്ചശേഷം അവരെ അഭിസംബോധന ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും മറ്റും മന്ത്രിമാരും എംഎൽഎമാരും ബിജെപി നേതാക്കളും പൂന്തുറയിലെത്തിയിരുന്നു. തിരുവനന്തപുരത്തെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽനിന്നെത്തിയ മൽസ്യത്തൊഴിലാളികളെ പൂന്തുറ കമ്മ്യൂണി ഹാളിൽ വച്ച് പ്രധാനമന്ത്രി കണ്ടു. ദുരന്തബാധിതരുടെ പരാതികൾ പ്രധാനമന്ത്രി കേട്ടു.

ലക്ഷദ്വീപും കന്യാകുമാരിയലും സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.
രാവിലെ മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് എത്തിയത്. ദുരന്തം ഉണ്ടായി 20 ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

കവരത്തി ദ്വീപിൽ സന്ദർശനം നടത്തിയ നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി. ലക്ഷദ്വീപ് അഡ്മിനിട്രേറ്റർ ഫറൂഖ് ഖാൻ ഐഎഎസ് ദ്വീപിൽ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 500 കോടി രൂപയുടെ നാശനഷ്ടങ്ങൾ ദ്വീപിൽ ഉണ്ടായതായി ലക്ഷദ്വീപ് എംപി ഫൈസൽ പ്രധാനമന്ത്രിയോട് പറഞ്ഞു. ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ലക്ഷദ്വീപിലെ ജനപ്രതിനിധികൾ മോദിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവ പൂർവ്വ പരിഹരിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നൽകി.

നവംബർ 30 ന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ 88 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിൽ 70 പേരും തമിഴ്നാട്ടിൽ 18 പേരു മരിച്ചതായാണ് കണക്കുകൾ. മൽസ്യബന്ധനത്തിന് പോയ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഓഖി ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് ആക്ഷേമുയർന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും കേരള മുഖ്യമന്ത്രിയെ മോദി ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവരും ആവശ്യം ഉയർത്തി. ഇതിനുപിന്നാലെയാണ് മോദി കേരളം സന്ദർശിക്കാനെത്തുന്നത്.

നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരെ കണ്ടെത്താൻ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ചെയ്യുമെന്ന് നിർമലാ സീതാരാമൻ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉറപ്പും നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ