കോഴിക്കോട്: കോഴിക്കോട് മേഖലയിൽ രൂക്ഷമായ കടലാക്രമണം. കോഴിക്കോടു മുതൽ വടകര വരെയുള്ള തീരപ്രദേശത്താണ് കടലാക്രമണം രൂക്ഷമായത്. വെള്ളയിലും പൊയ്കാവിലും ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
കേരളത്തിന്റെ തീരമേഖലയിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കേരളത്തിൽ ചില സ്ഥലങ്ങളിൽ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.
അതേസമയം, കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്നാട്ടിലെ രണ്ട് ബോട്ടുകളും മഹാരാഷ്ട്ര തീരത്തെത്തിയിരുന്നു. ബോട്ടുകള്‍ മുംബൈ തീരത്തെത്തിയെന്നും ബോട്ടുകളിലെ തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. 952 മല്‍സ്യത്തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരണം പതിനാലായി. അഞ്ച് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തു. ഇനിയും 126 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. 37 പേരെയാണ് ശനിയാഴ്ച കേരളത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. മരണസംഖ്യ ഉയര്‍ന്നതോടെ ആശങ്കയിലാണ് കടലോരം. തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുബം കഴക്കൂട്ടത്ത് ദേശീയപാത ഉപരോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ