തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപെട്ട ബോട്ടിൽ ഒഴുകി നടന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ തീരത്ത് എത്തിച്ചിട്ടുണ്ട്. ഇതോടെ നാവിക- വ്യോമ സേനകൾ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. സര്‍ക്കാര്‍ കണക്കില്‍ 92 പേരെയാണ് ഇനി കണ്ടെത്താനുള്ളതന്നാണ് ഔദ്യോഗിക ഭാഷ്യം. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന തിരച്ചില്‍ നടത്തുന്നത്. നാവികസേനയുടെ പത്ത് കപ്പലുകളാണ് തിരച്ചിലിനുള്ളത്. കഴിഞ്ഞ ദിവസം നാല് പേരുടെ മൃതദേഹങ്ങള്‍ തീരത്തെത്തിച്ചിരുന്നു.

അതേസമയം കേരളത്തിലും തമിഴ്നാട്ടിലുമായി ഇതുവരെ 39 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കടലിൽ മത്സ്യബന്ധനത്തിന് പോയ 167 പേരെ ഇനിയും കണ്ടുകിട്ടിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കാണാതായവരിൽ തമിഴ്നാട്, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇനിയും 92 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. എന്നാൽ 108 പേരെ കണ്ടുകിട്ടാനുണ്ടെന്ന് ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ് സൂസെപാക്യം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ