കോട്ടയം: പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന നഴ്‌സുമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

സമരക്കാരും ആശുപത്രി ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. സമരക്കാര്‍ക്കിടയിലൂടെ ആംബുലന്‍സ് കൊണ്ടുവന്ന് സമരം പൊളിക്കാന്‍ ആശുപത്രി മാനേജ്മെന്‍റ് ശ്രമിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

മുമ്പ് വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്തതാണ് അഞ്ച് നഴ്‌സുമാരെ പിരിച്ചുവിടാന്‍ കാരണമായത്. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായാണ് ബാക്കി നഴ്‌സുമാര്‍ ആശുപത്രി കവാടത്തില്‍ സമരം സംഘടിപ്പിച്ചത്. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പല നഴ്‌സുമാര്‍ക്കും പരിക്കേറ്റു. യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ