കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജർ സുനിൽരാജിന് (അപ്പുണ്ണി) മുന്‍കൂര്‍ ജാമ്യമില്ല. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നും ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അപ്പോൾ മാത്രമേ വ്യക്തമാകൂവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളുകയായിരുന്നു.

നടിയെ ഉപദ്രവിച്ച കേസിൽ പൊലീസ് തിരയുന്ന അപ്പുണ്ണി ഇപ്പോൾ ഒളിവിലാണ്. അപ്പുണ്ണി സംസ്ഥാനത്തിനു പുറത്തേക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അപ്പുണ്ണിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ഗൂഢാലോചനയുമായി തനിക്ക് ബന്ധമില്ലെന്നും തന്നെയും നാദിർഷയെയും മാപ്പുസാക്ഷികളാക്കാൻ പൊലീസ് ശ്രമം നടക്കുന്നതായി ജാമ്യാപേക്ഷയില്‍ അപ്പുണ്ണി വ്യക്തമാക്കിയിരുന്നു.

അതേസമയം, അപ്പുണ്ണി ഒളിവില്‍ പോയത് പൊലീസിന് കേസിൽ തിരിച്ചടിയായിരുന്നു. ദിലീപിനൊപ്പം ഇരുത്തി അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ദീപിന്റെ മൊഴികളിലെ വൈരുദ്ധ്യം അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്നായിരുന്നു പൊലീസ് കരുതിയത്. തുടർന്ന് അപ്പുണ്ണിയെ തേടി പോലീസ് ഏലൂരിലെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഒളിവില്‍ പോകുകയായിരുന്നു. എന്നാൽ നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ അപ്പുണ്ണിയെ ഇതുവരെ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ