തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്ഐവി ബാധിച്ചിട്ടില്ലെന്ന് വിവരം. ചെന്നൈയിലെ റീജണൽ ലബോറട്ടറിയിൽ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധയില്ലെന്നു കണ്ടെത്തിയത്. ഡൽഹിയിലെ നാഷണൽ ലാബിൽനിന്നുള്ള പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും ഇതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പുറത്തുവിടാൻ കഴിയൂ എന്നും ആർസിസി അറിയിച്ചു.
സംഭവത്തിൽ ആർസിസിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നു സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കണ്ടെത്തിയിരുന്നു. ദാതാവിൽ നിന്നു രക്തം എടുക്കുന്നതു മുതൽ രോഗിക്കു നൽകുന്നതുവരെയുള്ള കാര്യങ്ങളിൽ ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ആർസിസി പാലിക്കുന്നുണ്ട്. നാല് ആഴ്ച മുതൽ ആറുമാസത്തിനുള്ളിൽ വരെ രക്തദാതാവിന് എച്ച്ഐവി ബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അതു കണ്ടെത്താനുള്ള സംവിധാനം ആർസിസിയിൽ ഇല്ലെന്നു കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ.രമേശ് വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടി ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയിരുന്നു. ആര്‍സിസിയിലെ പരിശോധനയില്‍ രക്താര്‍ബുദമുള്ളതായി സ്ഥിരീകരിക്കുകയും തുടര്‍ന്ന് കുട്ടിയ്ക്ക് റേഡിയേഷന് തെറാപ്പി നടത്തുകയും ചെയ്തു.
തെറാപ്പിയ്ക്കുശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്ഐവി ബാധിച്ചതായി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ