തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എംഎൽഎ എം.വിന്‍സെന്റിന് ജാമ്യമില്ല. ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി. വിൻസെന്‍റിനെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് മാറ്റി. ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

കഴിഞ്ഞ ദിവസം വിന്‍സെന്റിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിമാൻഡ് റിപ്പോര്‍ട്ടില്‍ വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചതായി വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയെ ഫോണിലൂടെ ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലൈംഗികമായി പീഡിപ്പിച്ചെന്ന അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ ഈ മാസം 22 നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിൻസെന്റിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൻസന്റിനെ എംഎൽഎ ഹോസ്റ്റലിൽ വച്ച് ചോദ്യം ചെയ്തത്. എംഎൽഎ വീട്ടമ്മയുമായി മാസങ്ങളായി ഫോണിൽ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ