തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം പരിഷ്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ ബാറുകൾ അതത് താലൂക്കുകളിൽ മാറ്റി സ്ഥാപിക്കും. എഫ്.എസ്.2, എഫ്.എസ്.3 ഹോട്ടലുകൾക്ക് പ്രത്യേക അവസരങ്ങളിൽ ബാർ തുറക്കാൻ അനുമതി നൽകും. മദ്യനിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ ഒന്ന് മുതലാണ് മദ്യനയം പ്രാബല്യത്തിൽ വരുന്നത്.

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ൽ നിന്ന് 23ാക്കി ഉയർത്തി. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലേക്ക് ബാർ ലൈസൻസിന് അനുമതി നൽകി. ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകി. പകൽ 11 ന് മുതൽ രാത്രി വരെയാണ് മറ്റിടത്ത് മദ്യശാലകളുടെ പ്രവർത്തനം. നിലവിൽ പന്ത്രണ്ടര മണിക്കൂറായിരുന്ന പ്രവർത്തന സമയം ഇതോടെ പന്ത്രണ്ട് മണിക്കൂറായി.

വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ടെർർമിനലിന് പുറമേ ആഭ്യന്തര ടെർമിനലിലും ബാറുകൾ തുറക്കും. കള്ള് വ്യവസായികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 948 കള്ളു ഷാപ്പുകൾ പൂട്ടിക്കിടക്കുന്നുണ്ട്. 40000 ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

Read More : പുതിയ മദ്യനയം പോലൊരു വഞ്ചന കേരളം മുമ്പ് കണ്ടിട്ടില്ലെന്ന് എകെ ആന്റണി

ഇവരെ സംരക്ഷിക്കാനാണ് പുതിയ നടപടി. ഇതിനായി കള്ള് ചെത്ത് വ്യവസായ ബോർഡ് രൂപീകരിക്കും. ബാറുകളിലും മുന്തിയ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കും.

ഏത് വിധേനയും ലഹരി ഉപയോഗിക്കാനുള്ള പ്രവണത കൂടി വരികയാണ്. ഇത് ചെറുക്കേണ്ടതുണ്ട്. യുഡിഎഫിന്റെ മദ്യനയം അല്ല എൽഡിഎഫിന്റേതെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ യാതൊന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിൽ മദ്യം ഉപയോഗിക്കാത്ത ആളുകളുണ്ടെന്നും അവർ സ്വന്തം അഭിപ്രായം പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ നാട് അപകടത്തിലേക്ക് പോകുന്നത് തടയേണ്ടതുണ്ട്. ഏത് വിധേനയും ലഹരി ഉപയോഗിക്കാനുള്ള പ്രവണതയാണ് ഉള്ളത്. കുട്ടികളിലേക്ക് അടക്കം ഇത് വ്യാപിക്കുന്നത് തടയേണ്ടതുണ്ട്.

മദ്യം ഇഷ്ടംപോലെ വ്യാപിക്കട്ടേയെന്നല്ല സർക്കാരിന്റെ ആഗ്രഹം. ടൂറിസം മേഖലയുടെ തകർച്ചയ്ക്ക് മദ്യനിരോധനം കാരണമായി. അന്താരാഷ്ട്ര കൺവൻഷനുകളും മറ്റും നടത്തിയിരുന്നത് കുറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം പ്രായോഗിക നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുമ്പോൾ നിലവിലെ തൊഴിലാളികൾക്ക് തന്നെ ജോലി കൊടുക്കണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ