ന്യൂഡൽഹി: ശബരിമലയിലെ സ്വർണക്കൊടിമരത്തിനു കേടുപാടു വരുത്തിയ സംഭവത്തിൽ കേന്ദ്ര അന്വേഷണം നടത്തും. റോയും ഇന്റലിജൻസുമായിരിക്കും അന്വേഷണം നടത്തുക. രഹസ്യാനേഷ്വണ വിഭാഗം ഇതിനോടകം സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള പോലീസിനോട് ഇന്‍റലിജൻസ് തേടി.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രാ സ്വദേശികൾക്കെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പുനഃപ്രതിഷ്ഠ നടത്തിയ ധ്വജത്തിൽ ഇന്നലെ രാസദ്രാവകം ഒഴിച്ചാണ് കേടുപാട് വരുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 5 വിജയവാഡ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പമ്പ പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ഉള്ള പ്രതികളെ പത്തനംതിട്ട​ എസ്പി ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഇവരെ ഇന്ന് ചോദ്യം ചെയ്യും.

കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്‍റെ ഭാഗമായാണെന്നുമാണ് മൊഴി. ഇവർ കൊടിമരത്തിന് ചുവട്ടിൽ മെർക്കുറി ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ