കൊച്ചി: ഒരു വ്യാഴവട്ടക്കാലമായി വെള്ളിത്തിരയിലുണ്ട് സുരഭി. ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് അവർ മലയാളികൾക്ക് സുപരിചിതയായത്. ഒടുവിൽ ദേശീയ പുരസ്കാരം സുരഭിയെന്ന നടിയെ തേടിയെത്തുമ്പോൾ ആ നേട്ടം അർഹതയ്ക്കുള്ള മികച്ച അംഗീകാരവും ആകുന്നു.

പുരസ്കാര വാർത്ത സുരഭി അറിഞ്ഞത് സലാലയിൽ വച്ചാണ്. അവിടെ വിമാനമിറങ്ങിയ സുരഭിയെ കാത്ത് സന്നദ്ധ പ്രവർത്തകരുടെ സംഘം ബൊക്കെയുമായി നിൽപ്പുണ്ടായിരുന്നു. “അവർ ബൊക്ക കൈമാറിയപ്പോൾ എന്തിനാണെന്ന് മനസിലായില്ല. കാര്യം തിരക്കിയപ്പോഴാണ് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചെന്ന് അറിഞ്ഞത്. ഈ സമയത്ത് നാട്ടിലില്ലാതെ പോയതിൽ വിഷമമുണ്ട്.

“അവാർഡുണ്ടെന്ന് അറിഞ്ഞപ്പോഴും മികച്ച നടിയ്ക്കുള്ള പുരസ്കാരമാണെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും ഒരു  പരാമർശമെങ്കിലും ലഭിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. മികച്ച നടിക്കുള്ള അവാർഡാണെന്ന് അറിഞ്ഞപ്പോൾ കുറച്ച് നേരത്തേക്ക് സ്തബ്ധയായിപ്പോയി.”

മിന്നാമിനുങ്ങ് ടീമിനോടുള്ള സന്തോഷം പങ്കുവച്ച സുരഭി ഒരു സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കിൽ താൻ സലാലയിലേക്ക് വരില്ലായിരുന്നുവെന്ന് പറഞ്ഞു.

ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. മുപ്പതിലധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു. 2016 ലെ മലയാളം ഫിലിം ക്രിട്ടിക്സ് അവാഡും നേടി.

സിനിമയിൽ മാത്രമല്ല സീരിയലിലും നാടകങ്ങളിലും സജീവയാണ് സുരഭി. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ