കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷായെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചു. ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾതന്നെ ശാരീരിക അവശത പ്രകടിപ്പിച്ചു. തുടർന്ന് നാദിർഷായ്ക്ക് രക്തസമ്മർദം ഉയർന്നു. ഉടൻ തന്നെ ഡോക്ടർമാർ എത്തുകയും നാദിർഷായെ പരിശോധിക്കുകയും ചെയ്തു. ഡോക്ടർമാർ നാദിർഷായെ പരിശോധിച്ചശേഷം നൽകിയ നിർദേശത്തെത്തുടർന്നാണ് ചോദ്യം ചെയ്യൽ ഉപേക്ഷിച്ചത്. ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു.

ആലുവ പൊലീസ് ക്ലബിലായിരുന്നു നാദിർഷായുടെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരായത്.

നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ നാദിർഷാ നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ സംശയം. ഇതേ തുടർന്നാണ് ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച നൽകിയ നോട്ടീസിൽ തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാൽ നാദിർഷ നോട്ടീസ് ലഭിച്ച ഉടൻ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനായി. ഇതിനുപിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. പൊലീസ് തന്നെ മനഃപൂർവം കേസിൽ പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ നാദിർഷ കോടതിയിൽ പറഞ്ഞത്.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാദിർഷയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിക്കില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ പൊലീസ് അറസ്റ്റിന് തയാറാകില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ