തിരുവനന്തപുരം: ഇതരസംസ്​ഥാന തൊഴിലാളി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ആശുപത്രികളിലെ ഡോക്​ടർമാരുടെ അറസ്​റ്റിന് പൊലീസ്​ ഒരുങ്ങുന്നതായി റിപ്പോർട്ട്​​. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്‌ടറേയും രണ്ടാം വർഷ പിജി വിദ്യാർഥിയേയും പൊലീസ് മണിക്കൂറുകൾ ചോദ്യം ചെയ്തു. ഇവരുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം,​ അറസ്‌‌റ്റ് ഭയന്ന് ഇരുവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സരിതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവൻ നിലനിർത്താനുളള നടപടികൾ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടിയാണ് ഡോക്ടർമാർ സ്വീകരിച്ചതെന്നും ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികൾ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കുറ്റം പിജി ഡോക്​ടർമാരുടെ തലയിൽ കെട്ടിവെച്ച്​ ഉത്തരവാദപ്പെട്ടവർ കൈകഴുകിയാൽ ശക്​തമായി പ്രതികരിക്കുമെന്ന്​ പിജി ഡോക്​ടേഴ്​സ്​ അസോസിയേഷൻ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ