തൊടുപുഴ: മൂന്നാറിൽ  പാറ വീണ് അപകടമുണ്ടായ റിസോര്‍ട്ടിന്റെ പ്രവർത്തനം വ്യാഴാഴ്ച മുതൽ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പത്തുദിവസത്തിനു ശേഷം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രദേശത്ത് പരിശോധന നടത്തും. അതിനു ശേഷം പ്രദേശത്തെ അപകടകരമായ പാറകള്‍ ബലപ്പെടുത്തുകയോ പൊട്ടിച്ചു നീക്കുകയോ ചെയ്ത ശേഷമായിരിക്കും റിസോര്‍ട്ടിനു പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയെന്ന് കലക്‌ടർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. പരിസ്ഥിതിലോല പ്രദേശമായ പള്ളിവാസലിലെ ടണലിനു സമീപം 2000 അടി ഉയരത്തിൽ നിന്നും പാറവീണ് മൂന്ന് വാഹനങ്ങൾ തകർന്നിരുന്നു. ​ആളപായം ഉണ്ടായില്ല. വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർമാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

റിസോർട്ടിലേയ്ക്ക് സഞ്ചാരികളുമായെത്തിയ വാഹനങ്ങളാണ് തകർന്നത്. കരിമ്പൻ സ്വദേശി ജെ.ബിനോയി (40), പട്ടാമ്പി സ്വദേശി സി.വി.ഷെമിൻ (30), പാലക്കാട് സ്വദേശി റ്റി.ജെ.മോൻസൺ (49) എന്നിവരാണ് അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. പള്ളിവാസൽ പവർഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലുകൾക്ക് മുകളിൽ നിന്നുമാണ് വൻ പാറ ഉരുണ്ടു വന്നത്. വാഹനങ്ങൾ തകർത്ത ശേഷം റിസോർട്ടിന്റെ സംരക്ഷണഭിത്തി തകർത്ത് താഴെയുണ്ടായിരുന്ന കോൺക്രീറ്റ് കെട്ടിലും, മരത്തിലും ഇടിച്ചാണ് നിന്നത്. ഇവിടെ തട്ടി നിന്നതിനാൽ​ വൻ അപകടം ഒഴിവായി. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ നിന്നും ഏതാനും മീറ്റർ മാത്രം അകലെയാണ് പാറ ഇടിച്ചുനിന്നത്.

പാറവീണ് ഇതുവഴി ഉണ്ടായിരുന്ന റോഡും തകർന്നു. പരിസ്ഥിതി ലോല പ്രദേശമായ ഈ മേഖലയിൽ നടന്ന അനധികൃത റിസോർട്ടം നിർമ്മാണങ്ങളും, മണ്ണെടുപ്പും, പാറപൊട്ടിക്കലും മൂലമാണ് ഇത്തരം അപകടമുണ്ടാക്കുവാൻ കാരണമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ്, മൂന്നാറിലെത്തിയ നിയമസഭാ പരിസ്ഥിതി സമിതി പള്ളിവാസലിലെ ഈ മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. അതീവ സുരക്ഷാ മേഖലാ, പരിസ്ഥിതിലോല പ്രദേശം എന്നീ പ്രാധാന്യങ്ങളുള്ള ഇവിടെ വൻതോതിൽ റിസോർട്ടു നിർമ്മാണം നടക്കുന്നതിൽ, നിരവധി പേർ നേരത്തെ തന്നെ ആശങ്ക ഉന്നയിച്ചിരുന്നു.  അപകട ദിവസം തന്നെ ദേവികുളം  സബ് കലകടർ ശ്രീറാം വെങ്കിട്ട് റാം, തഹസിൽദാർ പി.കെ.ഷാജി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ഈ സംഭവം നടന്ന ദിവസം തന്നെയാണ്  മൂന്നാർ സംബന്ധിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടും പുറത്തു വന്നത്. മൂന്നാറിലെ പരിസ്ഥിതി ലോല പ്രദേശത്തെ അനധികൃത നിർമ്മാണങ്ങൾ തടയുന്നതിന് നടപടിയെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതാണ് ആ റിപ്പോർട്ട്. നേരത്തെ ഇവിടുത്തെ അനധികൃത നിർമാണങ്ങൾ തടയണമെന്നും നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും സബ് കലക്ടർമാരും ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എ.വി.ജോർജും റിപ്പോർട്ട് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ