തൊടുപുഴ: മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ മുറുക്കി സിപിഎമ്മിന്റെ പുതിയ നീക്കം. മൂന്നാര്‍ ഭൂമി കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചില്‍ നടക്കുന്ന കേസില്‍ സിപിഎമ്മിന്റെ പോഷക സംഘടനയായ കര്‍ഷക സംഘമാണ് കഴിഞ്ഞ ദിവസം കേസില്‍ കക്ഷി ചേര്‍ന്നത്.

രണ്ടാഴ്ച മുന്‍പ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉള്‍പ്പെട്ട സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും കണ്ട് ഹരിത ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസില്‍ ഹാജരാകുന്നതില്‍ നിന്നു അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഹരിത ട്രൈബ്യൂണല്‍ കേസുകളില്‍ പതിവുപോലെ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകുമെന്നു നിലപാടെടുത്തു. തുടര്‍ന്നു വെള്ളിയാഴ്ച നടന്ന സിറ്റിങിൽ രഞ്ജിത് തമ്പാന്‍ തന്നെ സര്‍ക്കാരിനു വേണ്ടി ഹരിത ട്രിബ്യൂണലില്‍ ഹാജരാകുകയും ചെയ്തു.

ഇതിനു മറുപടിയെന്നോണമാണ് കര്‍ഷക സംഘം കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്. കേസ് പരിഗണിച്ച കോടതി വട്ടവടയിലെ നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിവരങ്ങളും മൂന്നാറുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെയും വിവരങ്ങളും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ എന്‍ ഒ സിയില്ലാത്ത 330 വ്യാവസായിക നിര്‍മാണങ്ങളുണ്ടെന്നു ഇടുക്കി ജില്ലാ ഭരണകൂടം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കെട്ടിടങ്ങളെല്ലാം നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ നിര്‍മ്മിച്ചവയാണെന്നാണ് സര്‍വകക്ഷി സംഘംവാദിക്കുന്നത്.

അതേസമയം കര്‍ഷക സംഘം കേസില്‍ കക്ഷി ചേര്‍ന്നതില്‍ അസ്വഭാവികമായി ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് കര്‍ഷക സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസ് അഭിപ്രായപ്പെടുന്നത്. ഇടുക്കിയിലെ പാവപ്പെട്ട കര്‍ഷകര്‍ വിവിധ പരിസ്ഥിതി സംഘടനകളുടെയും ഗ്രൂപ്പുകളുടെയും അനാവശ്യ ഇടപെടലുകളെത്തുടര്‍ന്നു ജീവിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. കര്‍ഷകരുടെ ആശങ്കകളും പ്രശ്‌നങ്ങളും ഹരിത ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്താനാണ് കേസില്‍ കക്ഷി ചേര്‍ന്നതെന്നും ഇതിനെ സിപിഎം-സിപിഐ തര്‍ക്കമായി കാണരുതെന്നും സിവി വര്‍ഗീസ് പറയുന്നു.

അതേസമയം സര്‍വകകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിനെത്തുടര്‍ന്നാണ് രഞ്ജിത് തമ്പാന്‍ ഹരിത ട്രൈബ്യൂണലില്‍ മൂന്നാര്‍ കേസില്‍ ഇടക്കാല ഉത്തരവു വേണമെന്ന ആവശ്യം പിന്‍വലിച്ചതെന്നും ഇതു തങ്ങളുടെ വിജയമാണെന്നുമാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അവകാശപ്പെടുന്നു. കര്‍ഷക സംഘത്തോടൊപ്പം മൂന്നാര്‍ പഞ്ചായത്തും ഒരു റിസോര്‍ട്ട് ഉടമയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് നവംബര്‍ ഒമ്പതിനു കോടതി വീണ്ടും പരിഗണിക്കും.

മൂന്നാറിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടു വന്ന പത്ര വാര്‍ത്തകളെത്തുടര്‍ന്ന് മെയ് മാസത്തിൽ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിച്ച കോടതി റവന്യൂ വകുപ്പിന്റെയും മലിനീരണ നിയന്ത്രണ ബോര്‍ഡിന്റെയും നിരാക്ഷേപ പത്രിമില്ലാതെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിരുന്നു. അടുത്തിടെ കേസ് പരിഗണിച്ച കോടതി മൂന്നാറിലെ കയ്യേറ്റങ്ങള്‍ തടയേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ