തിരുവനന്തപുരം:​ മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ അഭിപ്രായ ഭിന്നതകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങിനെ അഭിപ്രായ വ്യത്യാസം ഉണ്ടാക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രശ്നങ്ങളില്ല. മുന്നണി ഒറ്റക്കെട്ടാണ്. മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കേണ്ട. കയ്യേറ്റക്കാരോട് യാതൊരു ദയയും ഉണ്ടാകില്ല. ശക്തമായ നടപടി സ്വീകരിക്കും.” മുഖ്യമന്ത്രി പറഞ്ഞു.

“ഉദ്യോഗസ്ഥർക്കും സർക്കാരിനും ഇടയിൽ തെറ്റിദ്ധാരണ പരത്തരുത്” എന്നു പറഞ്ഞ മുഖ്യമന്ത്രി മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന മട്ടിലുള്ള അഭിപ്രായപ്രകടനവും വിലക്കി.  സംഭവത്തിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കുന്നത് കാര്യങ്ങൾ വ്യക്തമായി പഠിക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാർ സംഭവത്തിൽ സർവകക്ഷിയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

പത്ത് സെന്റ് വരെ ഭൂമി കൈയ്യേറിയവർക്കെതിരെ ശക്തമായ നടപടികളുണ്ടാകരുതെന്നാണ് സർക്കാർ യോഗത്തിൽ നിലപാടെടുത്തത്. വൻകിട കൈയ്യേറ്റങ്ങൾ പരമാവധി ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ