ദേവികുളം: മൂന്നാറിലെ പാപ്പാത്തി ചോലയിൽ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സിപിഐഎം രംഗത്ത്. മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നതിനെ തെമ്മാടിത്തരമാണെന്നാണ് സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമായാണ്. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുപോയി ഒഴിപ്പിക്കുന്നത് ശരിയല്ല. സബ്കളക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം റവന്യു സംഘത്തിന്റെ നടപടിക്ക് എതിരെ സിപിഐയുടെ ഇടുക്കി ജില്ല സെക്രട്ടറിയും പരസ്യമായി രംഗത്ത് എത്തി. സ്ഥലത്ത് യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ച് സംഘം ജനങ്ങളെ ഭീതിപ്പെടുത്തുകയാണ് എന്ന് ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു.

പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് പൊളിച്ചതിനെതിരെ സിപിഐഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രനും എതിര്‍പ്പുമായി എത്തിയിട്ടുണ്ട്. പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നു, പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുളള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ