കൊല്ലം:  മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ കസ്റ്റഡിയിൽ. കൊല്ലം കൊട്ടിയത്തിന് സമീപം കുരീപ്പളളിയിൽ പതിനാലുകാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.

കുരീപ്പളളി ജോബ് ഭവനിൽ ജോബ് ജോണിൻെറ മകൻ   ജിത്തുജോബ് എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്.  കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  കഴിഞ്ഞ തിങ്കളാഴ്ച മുതൽ ജിത്തുവിനെ കാണാതായിരുന്നു. വീട്ടുവഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. അമ്മ കൊട്ടിയം സ്വദേശി ജയമോളാണ് പൊലീസ് കസ്റ്റഡിയിലുളളത്.

കുണ്ടറ എം ജി ഡി എച്ച് എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജിത്തു ജോബ്. തിങ്കളാഴ്ച മുതൽ കാണാതായ ജിത്തുവിന്രെ മൃതദേഹം ബുധനാഴ്ച വൈകുന്നേരമാണ് സമീപത്തെ പറമ്പിൽ കണ്ടെത്തിയത്. അമ്മയിൽ നിന്നും അച്ഛനിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്‌ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയത്. അന്നേ ദിവസം രാത്രി എട്ടരയോടെ സ്‌കെയില്‍ വാങ്ങാന്‍ പോയ കുട്ടി തിരികെ എത്തിയില്ലെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ തിരുവനന്തപുരം പേരൂർക്കട സ്വദേശി ദീപ അശോകിന്രെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്തെ നന്തൻകോടിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും ബന്ധുവിനെയും മകൻ കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. 2017 ഏപ്രില്‍ ഒമ്പതിനാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ മകൻ കാഡൽ ജീൻസൺ രാജയെ പൊലീസ് പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ