കൊച്ചി: വനിതാ ദിനത്തില്‍ കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. ഒന്നിച്ചിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചു. മറൈന്‍ ഡ്രൈവിലെ വാക്-വേയിലാണ് ശിവസേനയുടെ അതിക്രമം അരങ്ങേറിയത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് പത്തോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെത്തി ഗുണ്ടായിസം നടത്തിയത്. പ്രകടനമായെത്തിയാണ് ഇവര്‍ കമിതാക്കള്‍ അക്കമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത് എന്നതും ഞെട്ടിക്കുന്നതാണ്.

പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുക എന്ന ആവശ്യമുയർത്തി പ്രതിഷേധ കൂട്ടായ്മ ശിവസേന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രകടനമായി എത്തിയാണ് ശിവസേനക്കാർ യുവതീ-യുവാക്കളെ വിരട്ടിയും ചൂരൽ ഉപയോഗിച്ചും അടിച്ച് ഓടിച്ചത്. ‘ഓടി രക്ഷപ്പെട്ടോയെന്നും ഇനി ഇവിടെ കണ്ടു പോകരുത്’ എന്നു ആക്രോഷിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.

കൈയില്‍ ചൂരലുമായെത്തിയ ഇവര്‍ യുവതി-യുവാക്കളെ ആദ്യം ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ചൂരലെടുത്ത് പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും അടിച്ചോടിച്ചു. സംവവുമായി ബന്ധപ്പെട്ട് അഞ്ച് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ