കോട്ടയം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത്‌ വാര്‍ഡടക്കം രണ്ടിടത്ത് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് വാര്‍ഡും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടുംകുഴി വാര്‍ഡുമാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാമണ്ഡലമായ പുതുപ്പള്ളിയിലും എല്‍ഡിഎഫ് വിജയം നേടി. 

വെണ്മണി വെസ്റ്റ് വാര്‍ഡില്‍ സിപിഐ എമ്മിലെ ശ്യാം കുമാര്‍ 1003 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് ജയിച്ച വാര്‍ഡ്‌ പിടിച്ചെടുത്തത്. ആകെ പോള്‍ ചെയ്ത 5967 വോട്ടില്‍ 2707 വോട്ട് എല്‍ഡിഎഫിനും 1704 വോട്ട് കോണ്‍ഗ്രസിലെ സക്കറിയ പുത്തനെത്തിക്കും ലഭിച്ചു. ബിജെപിയുടെ ശിവന്‍ പിള്ളയ്ക്ക് 1556 വോട്ടാണ് കിട്ടിയത്. കഴിഞ്ഞതവണ വിജയിച്ച കോണ്‍ഗ്രസ്സിലെ വെണ്മണി സുധാകരന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കോട്ടയം ജില്ലയില്‍ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തില്‍ കാരിക്കാമറ്റം വാര്‍ഡില്‍  സിപിഐഎമ്മിലെ  കെ.എസ്.മധുകുമാര്‍ നേരിട്ടുള്ള മത്സരത്തില്‍ കോണ്‍ഗ്രസിലെ ഡെല്‍ജിത് സിങ്ങിനെയാണ് തോല്‍പ്പിച്ചത്. സിപിഐ എമ്മിലെ പി.കെ.മണി മരിച്ചതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. ഒരുമാസം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഒരു പഞ്ചായത്ത് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു.

കോട്ടയം ജില്ലയില്‍ തന്നെ കാഞ്ഞിരപ്പള്ളി മാനിടുംകുഴി വാര്‍ഡ്‌  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്ര കുഞ്ഞുമോള്‍ ജോസാണ് 145 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറി വിജയം നേടിയത്.  യുഡിഎഫിലെ സുധാകുമാരിയെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ കൃഷ്ണകുമാരി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. വാര്‍ഡില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഔദ്യോഗിക വാഹനത്തില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.

ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡും ഒരു നഗരസഭാ വാര്‍ഡും അടക്കം ഏഴ് ജില്ലയിലെ 12 തദ്ദേശ വാര്‍ഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ  തവണ യുഡിഎഫ് ജയിച്ച വാര്‍ഡുകളായിരുന്നു ഇതില്‍ എട്ടെണ്ണം. ഇതില്‍ രണ്ടെണ്ണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ആകെ ആറിടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും വിജയിച്ചു.

കൊല്ലം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ആദിച്ചനല്ലൂര്‍ തഴുത്തല തെക്ക് വാര്‍ഡില്‍ സിപിഐ എമ്മിലെ ഹരിലാല്‍ (വാവ) വിജയിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐ എംവിജയിച്ച  വാര്‍ഡാണിത്. തേവലക്കര കോയിവിള പടിഞ്ഞാറ് വാര്‍ഡില്‍ സിപിഐ യിലെ പി.ഓമനക്കുട്ടനാണ് വിജയം. കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ് നിലനിര്‍ത്തുകയായിരുന്നു.  

വയനാട് കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി വാര്‍ഡില്‍ സിപിഐ എമ്മിലെ ബിന്ദു വിജയിച്ചു. 92 വോട്ടാണ് ഭൂരിപക്ഷം. ബിന്ദുവിന് 404 വോട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് 312 വോട്ടും ബിജെപിക്ക് 22 വോട്ടും കിട്ടി.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തെക്ക് കളരിക്കല്‍ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മിനി കുഞ്ഞപ്പനാണ് വിജയി. എല്‍ഡിഎഫിലെ റീന ഫ്രാന്‍സിസിനെയാണ് തോല്‍പ്പിച്ചത്. യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. 

മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരസഭയിലെ തുമരക്കാവ് വാര്‍ഡ് യുഡിഎഫ് രണ്ടു വോട്ടിന് വിജയിച്ചു.  ലീഗിലെ നെടിയില്‍ മുസ്തഫയാണ് വിജയി. സിപിഐ എമ്മിലെ സി.കുഞ്ഞുമൊയ്തീനെയാണ് പരാജയപ്പെടുത്തിയത്. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന വാര്‍ഡില്‍ മുസ്ളീംലീഗിലെ കെ.ടി.ഖദീജ വിജയിച്ചു വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

കോഴിക്കോട് തിക്കൊടി പഞ്ചായത്തിലെ പുറക്കാട് വാര്‍ഡില്‍ കോണ്‍ഗ്രസിലെ നിട്ടോടി രാഘവന്‍ വിജയിച്ചു. കഴിഞ്ഞ തവണയും കോണ്‍ഗ്രസ് ജയിച്ച വാര്‍ഡാണ്. സിപിഐ എമ്മിലെ അഡ്വ. കെ.സുഭാഷിനെയാണ് പരാജയപ്പെടുത്തിയത്.

കണ്ണൂര്‍ ജില്ലയില്‍ രാമന്തളി പഞ്ചായത്തില്‍ രാമന്തളി സെന്‍ട്രല്‍ വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. യുഡിഎഫ് സ്വതന്ത്രന്‍ കെ.പി.രാജേന്ദ്രകുമാര്‍ വിജയിച്ചു. സിപിഐ എമ്മിലെ കെ.പി.ദിനേശനെയാണ് പരാജയപ്പെടുത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ