പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ കൈകള്‍ കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രം സ്വന്തം ട്വിറ്ററില്‍ കുമ്മനം പങ്കുവച്ചു. കേരളത്തിലെ ആദിവാസികള്‍ക്ക് പിന്തുണ എന്ന ഹാഷ്ടാഗും ഒപ്പം അട്ടപ്പാടിയിലേക്കുള്ള യാത്രയിലാണെന്ന അറിയിപ്പും ചിത്രത്തോടൊപ്പമുണ്ട്.

അതേസമയം കുമ്മനത്തിന്റെ പ്രതിഷേധ നടപടിയില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി. നീല ലുങ്കി കൈയ്യില്‍ കെട്ടിയ ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചുവപ്പു നിറത്തിലുള്ള ഷാള്‍ കൈയ്യില്‍ കെട്ടിയ ചിത്രവും വ്യത്യസ്ത പോസുകളുമായുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. വ്യത്യസ്ത രീതികളിൽ പോസ് ചെയ്ത് കൂട്ടത്തിൽ നല്ലതെന്നു തോന്നിയ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു കുമ്മനമെന്നും ഇത് തീർത്തും അപഹാസ്യമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു.

മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ ഇന്ന് ബി.ജെ.പിയുടെ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

അതേസമയം മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും ദേഹത്തും മര്‍ദ്ദനമേറ്റപാടുകളുണ്ട്. സംഭവത്തില്‍ 11 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇനി എട്ടു പേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ